കല്ലാച്ചി: സ്കൂളില്‍ പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്ത് അതിക്രമം നടത്തിയ കേസിലെ പ്രതിയ്ക്ക് ഒമ്പതു വര്‍ഷം കഠിന തടവും 17,000 രൂപ പിഴയും. പേരാമ്പ്ര തണ്ടോറപ്പാറ സ്വദേശി എഴുത്തച്ഛന്‍കണ്ടി സായൂജി(29)നെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി കെ.നൗഷാദ് അലി ശിക്ഷിച്ചത്.
പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ അതിജീവിത കാലത്ത് ട്യൂഷനുപോകുന്നതിനായി ബസ് സ്റ്റോപ്പിലേക്ക് നടക്കവെ, ബൈക്കില്‍ വന്ന പ്രതി വിദ്യാര്‍ത്ഥിനിയെ സഹായം വാഗ്ദാനം ചെയ്ത് ബൈക്കില്‍ കയറ്റി കൊണ്ടു പോയി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
2024 ഫെബ്രുവരി പത്തിനായിരുന്നു സംഭവം. തുടര്‍ന്ന് അതിജീവിത സ്കൂള്‍ കൗണ്‍സലറെ വിവരമറിയിക്കുകയും പേരാമ്പ്ര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു. പേരാമ്പ്ര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്പെക്ടര്‍ കെ.പി വിനോദ്കുമാര്‍, എന്‍.പി സുജില, എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
കേസില്‍ 10 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി. അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ പി.എം ഷാനി പ്രോസിക്യൂഷന് നടപടികള്‍ ഏകോപിപ്പിച്ചു.
