പത്മകുമാറിന് തിരിച്ചടി- ജാമ്യമില്ല

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

പത്മകുമാറിന് തിരിച്ചടി- ജാമ്യമില്ല

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും സിപിഎം നേതാവുമായ എ പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി തള്ളി. ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണം കവര്‍ന്ന കേസിലാണ് പത്മകുമാര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്. കട്ടിളപ്പാളി കേസില്‍ പത്മകുമാറിന്റെ ജാമ്യാപേക്ഷ വിജിലന്‍സ് കോടതിയും ഹൈക്കോടതിയും നേരത്തെ തള്ളിയിരുന്നു.

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പാളികള്‍ കൈമാറിയതില്‍ അടക്കം ബോര്‍ഡില്‍ ഒപ്പം ഉണ്ടായിരുന്ന എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നായിരുന്നു പത്മകുമാറിന്റെ വാദം. എന്നാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പാളികള്‍ കൈമാറിയതില്‍ അടക്കം പ്രസിഡന്റ് എന്ന നിലയില്‍ പത്മകുമാറിന് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസില്‍ പത്മകുമാറിന്റെ പങ്ക് സംബന്ധിച്ച എസ്‌ഐടിയുടെ വാദങ്ങളും തെളിവുകളും കണക്കിലെടുത്താണ് വിജിലന്‍സ് കോടതി നടപടി. സ്വര്‍ണക്കൊള്ള കേസില്‍ അന്നത്തെ ബോര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും പങ്കുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഇതോടെ കേസില്‍ പത്മകുമാര്‍ ജയിലില്‍ തന്നെ തുടരും.

അതിനിടെ പാളികള്‍ കൊടുത്തുവിടാനുള്ള മിനുട്‌സില്‍ പത്മകുമാര്‍ തിരുത്തല്‍ വരുത്തിയത് മനഃപൂര്‍വ്വമാണെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു. കട്ടിളപ്പാളികള്‍ അറ്റകുറ്റപ്പണി നടത്താന്‍ തന്ത്രി ആവശ്യപ്പെട്ടെന്ന പത്മകുമാറിന്റെ വാദം തെറ്റാണെന്നും എസ്‌ഐടി പറഞ്ഞു. കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ തെളിവുകള്‍ അട്ടിമറിക്കാന്‍ ഗോവര്‍ധനും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമടക്കമുള്ള പ്രതികള്‍ ബംഗളൂരുവില്‍ ഒത്തുകൂടി ഗൂഢാലോചന നടത്തിയെന്നും എസ്‌ഐടി വ്യക്തമാക്കുന്നു.

സ്വര്‍ണക്കൊള്ളയില്‍ റിമാന്‍ഡില്‍ കഴിയുന്ന പത്മകുമാറിനെ വെട്ടിലാക്കുന്നതാണ് എസ്‌ഐടി കണ്ടെത്തല്‍. പാളികള്‍ പോറ്റിയ്ക്ക് കൊടുത്തുവിടാനുള്ള മിനുട്‌സില്‍ സ്വന്തം കൈപ്പടയില്‍ പത്മകുമാര്‍ തിരുത്തല്‍ വരുത്തി. പിച്ചള പാളികള്‍ എന്നതിന് പകരം ചെമ്പ് എന്ന് എഴുതി. കൂടാതെ അനുവദിക്കുന്നു എന്ന വാക്കും സ്വന്തമായി എഴുതി ചേര്‍ത്തു. ഇതിന് പിന്നാലെയാണ് പോറ്റിയ്ക്ക് കൊടുത്തുവിടാനുള്ള തീരുമാനം ഉണ്ടായത്. കട്ടിളപ്പാളികള്‍ അറ്റകുറ്റപ്പണി നടത്താന്‍ തന്ത്രിയാണ് ആവശ്യപ്പെട്ടതെന്ന പത്മകുമാറിന്റെ വാദം എസ്‌ഐടി തള്ളി. അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യത്തിന് രേഖയില്ല, തന്ത്രിയുടെ അഭിപ്രായവും തേടിയില്ല, മഹസറില്‍ തന്ത്രി ഒപ്പിട്ടില്ല, അനുമതി നല്‍കിയിട്ടില്ല തുടങ്ങിയ വിവരങ്ങളും റിപ്പോര്‍ട്ടിലുണ്ട്. പാളികള്‍ അറ്റകുറ്റപ്പണി നടത്താന്‍ കൊണ്ടുപോകുമ്പോഴോ തിരിച്ച് കൊണ്ടുവന്നപ്പോഴോ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രേഖകള്‍ പരിശോധിച്ചില്ലെന്നും പത്മകുമാറിന്റെ ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top