കേരളത്തിലെ മാർ തോമാ നസ്രാണികൾ തങ്ങളുടെ സഭയെ പോർച്ചുഗീസുകാരും ജെസ്യൂട്ട് പാതിരിമാരും റോമൻ കത്തോലിക്കാ സഭയുടെ കീഴിൽ വരുത്തുവാൻ നടത്തിയ പീഡനങ്ങൾക്കെതിരെ 1653 ജനുവരി 3-ന് കൊച്ചിക്ക് സമീപമുള്ള മട്ടാഞ്ചേരിയിൽ വെച്ച് പരസ്യമായി എടുത്ത പ്രതിജ്ഞയാണ് കൂനൻ കുരിശുസത്യം അഥവാ കൂനൻ കുരിശ് പ്രതിജ്ഞ എന്ന് അറിയപ്പെടുന്നത്. ഈ സംഭവം കൂനൻ കുരിശ് കലാപം എന്നും അറിയപ്പെടുന്നു. കൂനൻകുരിശു സത്യത്തിൽ ഉപയോഗിച്ച പ്രതിജ്ഞാവാചകം എന്തായിരുന്നു എന്നതിനെ പറ്റി വ്യത്യസ്തഭാഷ്യങ്ങൾ നിലവിലുണ്ട് ചില ചരിത്രകാരന്മാർ കൂനൻ കുരിശ് സത്യം മുഖ്യമായും പോർട്ടുഗീസുകാർക്കും അവരുടെ വക്താക്കളായ ജെസ്യൂട്ട് മിഷണറിമാർക്കും എതിരായുള്ള പ്രതിഷേധമായിരുന്നു എന്ന് അഭിപ്രായപ്പെടുമ്പോൾ മറ്റ് ചിലർ ഇത് അന്നത്തെ റോമൻ കത്തോലിക്കാ സഭക്കെതിരെ മേൽക്കോയ്മക്ക് എതിരെയുള്ള പ്രതിഷേധവും തങ്ങളുടെ പുരാതനസഭയെ അതിന്റെ മുമ്പുണ്ടായിരുന്ന എല്ലാ സ്വാതന്ത്യത്തോടും കൂടി പുനഃസ്ഥാപിക്കുവാനുള്ള മാർ തോമാ നസ്രാണികളുടെ അദമ്യമായ അഭിവാഞ്ജയുടെ പ്രതിഫലനവും ആയിരുന്നു എന്നും നിരീക്ഷിക്കുന്നു. ഒരു പക്ഷേ, വൈദേശിക താല്പര്യങ്ങളോട് എതിർപ്പ് പ്രകടിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ സംഘടിത ചെറുത്തുനില്പ് ഇതായിരിക്കാം എന്നും ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നുണ്ട്.
2,500-ഓളം വരുന്ന വിശ്വാസികൾ കുരിശിൽ വടം കെട്ടി അതിൽ പിടിച്ച് ഒരേ സമയം സത്യം ചെയ്യുക വഴിയായി ഭാരം കാരണം കുരിശു ഒരു വശത്തേക്ക് വളഞ്ഞുവെന്ന് പറയപ്പെടുന്നു. അത് കൊണ്ട് ഈ സംഭവം കൂനൻ കുരിശു സത്യം എന്ന പേരിൽ അറിയപ്പെടുന്നു
