മുക്കുപണ്ടം പണയം വച്ച് ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് 70 ലക്ഷത്തോളം രൂപ തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിലായി
.ചുള്ളിമാനൂർ സ്വദേശി അജ്മൽ, മടത്തറ ചല്ലിമുക്ക് സ്വദേശിനി അൻസീന എന്നിവരാണ് നെടുമങ്ങാട് പൊലീസിന്റെ പിടിയിലായത്. നെടുമങ്ങാട് നഗരത്തിലെ വിവിധ ഫിനാൻസ് സ്ഥാപനങ്ങളിലാണ് ഇവർ തട്ടിപ്പ് നടത്തിയത്.130ൽ അധികം വ്യാജ വളകളുപയോഗിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയത്. പിത്തള,ചെമ്പ് വളകൾക്ക് മുകളിൽ തിരിച്ചറിയാത്തവിധം സ്വർണം പൂശി പണയം വയ്ക്കുകയായിരുന്നു.
വാളിക്കോട്ടെ ഒരു ഫിനാൻസ് ഉടമ നടത്തിയ വിദഗ്ധ പരിശോധനയിലാണ് വളകൾ വ്യാജമാണെന്ന് കണ്ടെത്തിയത്. തുടർന്ന് നെടുമങ്ങാട് പൊലീസിൽ പരാതി നൽകുകയായിരുന്നു. തട്ടിപ്പിൽ കൂടുതൽപേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ പ്രതികൾ ഇതേവിധം തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നും പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.
